12:00am 25 September 2026
NEWS
വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം; കർശന ഉപാധികൾ
23/09/2026  05:48 PM IST
nila
വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം; കർശന ഉപാധികൾ

കൊച്ചി: വടകര എംഡിഎംഎ കേസിൽ മൂന്നാം പ്രതിയായ അധ്യാപികയ്ക്ക് ജാമ്യം. കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)യ്ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 25 മുതൽ റിമാൻഡിൽ കഴിയുന്ന കാവ്യയുടെ കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യവും തൊണ്ടിമുതലുകൾ ഇതിനകം കണ്ടെടുത്തതും പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.

കാവ്യയ്ക്ക് മുൻപ് ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. ഈ സാഹചര്യത്തിൽ തുടർന്നും കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണമെന്നാണ് പ്രധാന വ്യവസ്ഥ. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് പോകരുതെന്നും കോടതി നിർദേശിച്ചു. കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

താൻ നിരപരാധിയാണെന്നും കേസിൽ തെറ്റായി പ്രതി ചേർത്തതാണെന്നും കാവ്യയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഹർജിക്കാരിക്കെതിരെ നിലവിലില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാൽ, കാവ്യ ബോധപൂർവം കുറ്റകൃത്യത്തിന്റെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണം ബാധിക്കാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

ജൂൺ 28ന് പുലർച്ചെ രണ്ടുമണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്.

തുടർന്നുള്ള അന്വേഷണത്തിലാണ് പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്ററിൽ പ്രവർത്തിക്കുന്ന അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ് എന്നിവരുടെ അറസ്റ്റുണ്ടായത്.

കേസിലെ ഒന്നാം പ്രതിയുടെ കൈവശത്തുനിന്ന് 2.108 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് കടത്താനും വിൽപന നടത്താനും പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇതിന്റെ ഭാഗമായി നടന്ന സാമ്പത്തിക ഇടപാടുകൾ കാവ്യയുടെയും രണ്ടാം പ്രതിയായ കീർത്തനയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു നടന്നതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img